ചങ്ങനാശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊർജിതമാക്കി. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റേൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ബാബ മുസ്ലിയാരകത്ത് ബി.എം. ബഷീർ(34), വീട്ടിനകത്ത് ഹഫ്സല്‍ റഹ്മാൻ (അബി-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിംഗ് എന്ന ലിങ്ക് വഴി വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ഇതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്നു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നു പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു അന്വേഷണസംഘം മൂവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.