തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും. സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളി. നാടകീയരംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്കു പിരിഞ്ഞു.സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് ഉണ്ടായി. പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്.
‘ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന’ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ തുടങ്ങിയപ്പോൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചത് പ്രതിപക്ഷ അംഗങ്ങളെ കുപിതരാക്കി. സ്പീക്കറുടെ ചോദ്യം അപക്വമെന്നും സ്പീക്കർ പദവിക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചു.നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല.
സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മാത്യു കുഴൽനാടൻ പിന്തിരിയാതെ പ്രതിഷേധം തുടർന്നത് കൊണ്ടാണ് താൻ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യം ചോദിച്ചതെന്നും സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മന്ത്രി മന്ത്രി എം.ബി. രാജേഷും മുഖ്യമന്ത്രിയും രംഗത്ത് വന്നു.അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനാണ് തീരുമാനമെന്നാണ് അറിയിച്ചത്. പതിനഞ്ചാം കേരള നിയമസഭയിലെ പന്ത്രണ്ടാം സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയ നോട്ടീസാണിത്.
സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ദേശീയ മാധ്യമ വാർത്ത സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷം നോട്ടീസിൽ പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
സഭയിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.പ്രതിഷേധത്തിനിടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.