ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിശാൽ പ്രജാപതി(21) ആണ് അറസ്റ്റിലായത്. ഭദോഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂലൈ 30 ന് വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങിയ സഹോദരി തിരിച്ചെത്തിയില്ലെന്ന് കാട്ടി കോട്വാലി പ്രദേശത്ത് താമസിക്കുന്ന ഒരു യുവാവ് ഓഗസ്റ്റ് 20 ന് പരാതി നൽകിയതായി പോലീസ് സൂപ്രണ്ട് (എസ്പി) മീനാക്ഷി കത്യായൻ പറഞ്ഞു.
വിശദമായ അന്വേഷണത്തിനൊടുവിൽ പ്രജാപതിയ്ക്കൊപ്പമാണ് അവളെ അവസാനമായി കണ്ടതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശാലിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി എവിടെയാണെന്ന് ഇയാൾ പോലീസിനോട് പറയുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തിങ്കളാഴ്ച ജയിലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.