കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പത്തിന് നടക്കും.
രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിക്കും.
മന്ത്രി വി.എന്‍. വാസവന്, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. മോഹനന് കുന്നുമ്മല്‍, അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്.
ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലര്‍ച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന.കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു.