ലാഹോർ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപുരിൽ കൂടത്തായി മോഡൽ കൂട്ടക്കൊല. മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി.
പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷെയ്സ്ത ബ്രോഹി, കാമുകന് അമീര്‍ ബക്ഷ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്.
എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പോലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ കൂട്ടക്കൊല വ്യക്തമാകുകയായിരുന്നു.
അമീറുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് ഷെയ്സ്ത ചോദ്യം ചെയ്യലിൽ മൊഴി നൽകി. വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിലാണ് യുവതി വിഷം കലർത്തിയത്. ഭക്ഷണത്തിൽ ദ്രാവകം കലർത്തി നൽകാൻ അമീർ ബക്ഷ് ആവശ്യപ്പെടുകയായിരുന്നുവെന്നു ഷെയ്സ്ത പറഞ്ഞതിനെ തുടർന്ന് അമീറിനെയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.