വെബ് ഡെസ്ക്
ഞായറാഴ്ച്ച രാത്രി 10.30 മുതല്‍ സോഷ്യല്‍മീഡിയയിലെ ട്രോളുകളില്‍ നിറഞ്ഞുനിന്നത് മോഹന്‍ലാലോ മമ്മൂട്ടിയോ നരേന്ദ്ര മോദിയോ ഒന്നുമായിരുന്നില്ല. രമേഷ് പിഷാരടിയായിരുന്നു ട്രോളുകാരുടെ ഇഷ്ടതാരം. മലയാള ടെലിവിഷനിലെ തന്നെ മികച്ച പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിലെ അവതാരകനായിരുന്നു മിമിക്രിയിലൂടെയെത്തി സിനിമയില്‍ കോമഡിക്കു പുതുഭാഷ്യം ചമച്ച പിഷാരടി. ഒക്ടോബര്‍ 16ന് മോഹന്‍ലാല്‍ അതിഥിയായെത്തിയ സ്പെഷല്‍ എപ്പിസോഡില്‍ പിഷാരടിക്കു പകരം പരിപാടി അവതരിപ്പിക്കാനെത്തിയത് പക്ഷേ മറ്റൊരാളായിരുന്നു. പതിവ് നിലവാരം പുലര്‍ത്താന്‍ ഷോയ്ക്കു കഴിഞ്ഞതുമില്ല.
പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകള്‍ പിന്നീട് ചറപറ പ്രവഹിക്കാനും തുടങ്ങി. പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാര് ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍. എന്നാല്‍, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പിഷാരടി പിന്മാറുകയാണെന്നും ഗോസിപ്പുകള്‍ വന്നു.
പിഷാരടി ബഡായി ബംഗ്ലാവില്‍ നിന്ന് പിന്മാറിയോ എന്നറിയാനാണ് രാഷ്ട്രദീപികഡോട്ട്കോമില് നിന്ന് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്. എന്നാല്‍ ഫോണ്‍ എടുത്തത് അദ്ദേഹത്തിന്റെ മാനേജരാണ്. ഇന്നലെ രാത്രി മുതല്‍ ഫോണ്‍ താഴെവയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. പിഷാരടി എവിടെപ്പോയി? എല്ലാവരെയുംപോലെ ഞങ്ങളുടെ ആകാംക്ഷയും ആദ്യ ചോദ്യമായി പാഞ്ഞു.
ഞായറാഴ്ച്ച രാത്രി മുതല്‍ വന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി ഇങ്ങനെ- പിഷാരടി സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. 40 ദിവസത്തെ പരിപാടിക്കായി പോയതാണ്. പോകുംമുമ്പ് നാലു എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെയാണ് പുലിമുരുകന് റിലീസാകുന്നതും ചിത്രം സൂപ്പര്‍ഹിറ്റായി മാറുന്നത്. യാദൃശ്ചികമായി മോഹന്‍ലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തു. ഇതോടെ പിഷരാടിയുടെ അഭാവത്തിലും പരിപാടി ചിത്രീകരിക്കുകയായിരുന്നു. പുലിമുരുകന് തീയറ്ററില്‍നിന്നു മാറുന്നതിനു മുമ്പേ പരിപാടി സംപ്രേക്ഷണം ചെയ്തിട്ടേ കാര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പിഷാരടി ഇല്ലാത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യേണ്ടിവന്നത്-മലയാളികളുടെ ആകാംക്ഷയ്ക്ക് ഉത്തരമായി മാനേജര്‍ പറഞ്ഞു.