കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും മരട് പോലീസ് ഉടന്‍ ചോദ്യംചെയ്യും.
ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമാകുന്ന വിവരം. സിനിമാ താരങ്ങള്‍ക്കൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ ആഢംബര ഹോട്ടലായ ക്രൗണ്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശും(44) സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും(45) പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് പോലീസ് കേസെടുത്തത്.
പിടിയിലായ ഷിഹാസിന്റെ കൈയില്‍ നിന്ന് പോലീസ് കുറഞ്ഞ അളവില്‍ കൊക്കൈന്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ബോള്‍ഗാട്ടിയില്‍ നടന്ന ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ മുറിയില്‍നിന്ന് പിടികൂടിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
താരങ്ങള്‍ എത്തിയത് ലഹരിപ്പാര്ട്ടിക്കോ?
താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും എത്തിയത് ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരെയും എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
താരങ്ങള്‍ക്ക് ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഓംപ്രകാശിനെയും ഷിഹാസിനെയും വീണ്ടും ചോദ്യം ചെയ്യും
കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികളായ ഓംപ്രകാശിനെയും ഷിഹാസിനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിസിപി കെ.എസ്. സുദര്ശന് പറഞ്ഞു. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
പ്രതികളുടെ രക്തം, മൂത്രം, നഖം, മുടി എന്നിവയും ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ ആരൊക്കെയായി ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുമെന്നും ഡിസിപി പറഞ്ഞു.
ഹ… ഹ…ഹാ…ഹ… ഹി… ഹോ… ഇന്‍സ്റ്റാ സ്റ്റോറിയുമായി നടി പ്രയാഗ മാര്ട്ടിന്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാര്ട്ടിന്. മരട് പോലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹ… ഹ…ഹാ…ഹ… ഹി… ഹോ… എന്നാണ് പ്രയാഗ മാര്‍ട്ടിന്റെ ഇന്‍സ്റ്റാ സ്റ്റോറിയിലുള്ളത്.