കോഴിക്കോട്: ഒന്‍പത് ദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസും ശരീരവും ദേവിയില്‍ അര്‍പ്പിച്ചുള്ള കാത്തിരിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദി കുറിക്കുന്ന ദിനങ്ങളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നാളെ മഹാനവമി, മറ്റന്നാള്‍ വിജയദശമി…ആഘോഷങ്ങള്‍ ഭക്തിയുടെ രൂപത്തില്‍ മനസില്‍ തുടികൊട്ടുകയാണ്.
കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു.
അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മ്മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള്‍ അവയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ നിരത്തി വയ്ക്കുന്നു. ബൊമ്മക്കൊലുകളില്‍ ഏറ്റവും പ്രധാന്യം കല്‍പ്പിക്കുന്നത് മരപ്പാച്ചി ബൊമ്മകള്ക്കാണ്. ഈ മരപ്പാച്ചി ബൊമ്മകള്‍ നിര്‍മ്മിച്ചിരിക്കുന്നത് രക്തചന്ദനത്തിലാണ്.
ദേവീസംതൃപ്തിക്കായി നൃത്തം, സംഗീതം…
കോഴിക്കോട് ജില്ലയിലെ തളി ബ്രാഹ്മണ സമൂഹമഠത്തില്‍ പതിനൊന്ന് പടികളിലായാണ് ബൊമ്മക്കോലു ഒരുക്കിയിരിക്കുന്നത്. മഹിഷാസുരനെ ദേവീ കാളിയുടെ വേഷത്തില്‍ വന്ന് നിഗ്രഹിച്ച് ദേവഗണങ്ങളെ രക്ഷിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് ബൊമ്മക്കൊലു ആഘോഷം.
കുടുബത്തിന്റെ ഒരു കൂടിചേരല്‍ കൂടിയാണിത്. നിരവധി കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരു കാലമാണ് ഇത്.
സംഗീതം അറിയുന്നവര്‍ അതിനു മുന്നില്‍ നിന്ന് ആലപിക്കുന്നു നൃത്തമറിയുന്നവര്‍ അതിനു മുന്നില്‍ നിന്ന് നൃത്തം ചവിട്ടുന്നു പാചകത്തില്‍ കഴിവുള്ളവര്‍ അവര്‍ നിര്‍മ്മിച്ച വിഭവങ്ങള്‍ അവര്‍ക്കായി പ്രസാദ രൂപത്തില്‍ ബൊമ്മക്കൊലു കാണാന്‍ വരുന്നവര്‍ക്ക് നല്ക്കുന്നു. ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് ഈ ദിവസങ്ങളില്‍ പ്രാധാന്യമുള്ള മറ്റൊരു കാര്യം.
ആദ്യ മൂന്ന് ദിവസം ലക്ഷ്മിദേവിയെയും അടുത്ത മൂന്ന് ദിവസം ദുര്‍ഗാ ദേവിയെയും അവസാന മൂന്ന് ദിവസം സരസ്വതി ദേവിയെയുമാണ് പൂജിക്കുന്നത്. ബൊമ്മക്കൊലു ഒരുക്കുന്നതിന് കലപരമായും ചിട്ടയോടുകൂടിയുമാണ്.ഏറ്റവും മുകളിലുള്ള നിലയിലാണ് ശിവപാര്‍വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് നവദുര്‍ഗയും സംഗീത മൂര്‍ത്തികളും അതിനു താഴെ ദശാവതരത്തിലെ വിവിധ രൂപങ്ങളും അതിനു ശേഷം രാമായണം, ശിവപാര്‍വതി കല്യാണം, സുബ്രഹ്മണ്യന് ഏറ്റവും താഴെ കല്യാണക്കോലങ്ങള് എന്നിങ്ങനെയാണ് ബൊമ്മക്കൊലും ഒരുക്കുന്നത്.
ഇതിനു പുറമേ കൃഷ്ണനും ഗോപികയും വൃന്ദാവനത്തില്‍ കളിക്കുന്നത്, രാജസഭ, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കൊപ്പം നവധാന്യങ്ങള്‍ നിരത്തിവെച്ച് മുന്നില്‍ കലശവും നിലവിളക്കും വച്ച് ഒന്‍പത് ദിവസവും പൂജ നടത്തുന്നു.
ബൊമ്മക്കൊലു ആരാധന
ബൊമ്മക്കൊലു കാണാന്‍ വരുന്ന ഭക്തര്‍ക്ക് നവധാന്യത്തില് നിര്‍മ്മിച്ച പ്രസാദം നല്കി സന്തോഷത്തോടെയാണ് മടക്കിയയക്കുന്നത്. നവരാത്രി ദിനത്തിലെ മറ്റൊരു ആചാരം ബാലികാ പുജയാണ്. ബൊമ്മക്കൊലു ആരാധിക്കുന്ന സമയത്ത് തന്നെ ബാലികമാരെ ദേവീസങ്കല്‍പ്പത്തില്‍ ആരാധിക്കുന്നു.
ഇവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളും ആഭരണങ്ങളും വച്ചാണ് ആരാധന നടത്തുന്നത്. ബാലികമാര്‍ മാത്രമല്ല കന്യകമാര്‍ക്കും സുമംഗലിമാര്ക്കുമായും നവരാത്രി ദിനങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കിയ സ്ഥലങ്ങളില്‍ പൂജകള്‍ നടത്തി വരുന്നു. ബൊമ്മക്കൊലു കാണാന്‍ വരുന്ന സുമംഗലിമാര്ക്കായി പ്രത്യേക പൂജയും കൂടാതെ താംമ്പൂല വിതരണവും നടത്തുന്നു.
ഒന്‍പത് ദിവസത്തെ പൂജ അവസാനിക്കുന്ന പത്താം ദിവസം വൈകീട്ട് പാലും ശര്‍ക്കരയും ഭഗവാന് നേദിച്ച് വടക്കുനോക്കി ഒരു വിഗ്രഹത്തിനെ കിടത്തുന്നതിലൂടെ കണ്ണിന് കുളിര്‍മ്മ നല്‍കിയിരുന്ന ഈ കാഴ്ചയ്ക്ക് തിരശീല വീഴുന്നു. പതിനൊന്നാം ദിവസം എല്ലാം ഭദ്രമായി പടിയില്‍ നിന്നെടുത്ത് അടുത്ത വര്‍ഷത്തെ നവരാത്രി ദിനങ്ങളെ കാത്തിരിക്കുകയാണ് നാടൊട്ടുക്കും…എല്ലാം മറന്നൊന്ന് കൂടാനും ആടാനം പാടാനും.
- വിഘ്നേശ് തട്ടാങ്കണ്ടി