കോഴിക്കോട്: വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. അവസാനമായി മോഷ്ടിച്ച ആഭരണങ്ങളാണ് കോഴിക്കോട് കമ്മത്തി ലെയ്നിലെ രണ്ടു ജ്വല്ലറികളില്‍നിന്ന് കണ്ടെത്തിയത്. മറ്റുള്ളവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേസില്‍ അറസ്റ്റിലായ വീട്ടുജോലിക്കാരി ശാന്ത, ബന്ധു പ്രകാശന് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് തെളിവെടുപ്പു നടത്തിയത്. നാലു വര്‍ഷം കൊണ്ടാണ് എംടിയുടെ വീട്ടില്‍ നിന്ന് 26 പവന് സ്വര്‍ണാഭരണങ്ങള്‍ ശാന്ത മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കുറച്ചുകുറച്ചായി അലമാരയില്‍നിന്ന് ആഭരണങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു. ഇതില്‍ മിക്കതും പല ഘട്ടങ്ങളിലായി കമ്മിത്തി ലെയ്നിലെ കടകളില്‍ വിറ്റിട്ടുണ്ട്. പ്രകാശന്റെ സഹായത്തോടെയാണ് വില്പന നടത്തിയത്. കുറേക്കാലം മുമ്പ് വിറ്റതിനാലാണ് അവ കണ്ടെത്താന്‍ കഴിയാതിരുന്നത്. പിടിയിലാകുന്നതിനു മുമ്പു വിറ്റവയാണ് കണ്ടെത്തിയത്.
സ്വര്‍ണം വിറ്റുകിട്ടിയ തുക വീട് നവീകരിക്കുന്നതിനും വിവാഹ ആവശ്യത്തിനുമാണ് ചെലവഴിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാന്ത നേരത്തെ ജോലിക്കു പോയ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ചിട്ടുണ്ട്. വേറെ വീടുകളില്‍ ഇവര്‍ ജോലിക്കു നിന്നിരുന്നുവോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. എംടിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കവെ മുകളിലത്തെ നിലയിലുള്ള അലമാരയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.
അലമാരയില്‍ വസ്ത്രങ്ങള്‍ എടുത്തുവയ്ക്കാന്‍ പോയപ്പോള്‍ താക്കോല്‍ വയ്ക്കുന്നതു മനസിലാക്കുകയും പിന്നീട് ആരും അറിയാതെ കുറേശെയായി സ്വര്‍ണം എടുക്കുകയുമായിരുന്നു. തെളിവെടുപ്പിനുശേഷം രണ്ടുപ്രതികളെയും ഇന്നലെ തിരിച്ച് കോടതിയില്‍ ഹാജരാക്കി.