കൊച്ചി: നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബിടെക്ക് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി സാവിയോ ബാബു (21), കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായ കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് (22) എന്നിവരെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബി.ഹരികൃഷ്ണന്, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തത്.
പ്രതികളെ കൊച്ചിയിലെത്തിച്ചു. ചാള്‍സിന് സ്വന്തമായി ബൈക്ക് ഇല്ല. ചാള്‍സിനു സമ്മാനിക്കാനായാണ് സാവിയോ കൂടി കൂട്ടുനിന്ന് ബൈക്ക് മോഷ്ടിച്ചത്.കഴിഞ്ഞ പത്തിന് ഇടപ്പള്ളി ഗ്രാന്‍ഡ് മാളിനു സമീപത്തെ പാര്‍ക്കിംഗില്‍ നിന്നാണ് ഇവര്‍ എളമക്കര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് പാര്‍ക്കിംഗില്‍ വച്ചിട്ട് യുവാവ് സമീപത്തെ കടയിലേക്കു കയറിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ബൈക്ക് മോഷ്ടിച്ചത്.
വാഹനം ലോക്ക് ആയതിനാല്‍ അവിടെനിന്ന് തള്ളി പുറത്തെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കില്‍ ചാള്‍സ് മുന്നില്‍ നീങ്ങി. സാവിയോ സ്വന്തം ബൈക്കില്‍ ഈ ബൈക്ക് കാലുകൊണ്ട് തള്ളി ഇവര്‍ താമസിക്കുന്ന കൊച്ചിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി മറ്റൊന്നു വച്ചു. ഇതിനുശേഷം മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തേക്ക് കടന്നു കളയുകയായിരുന്നു.
പരിശോധിച്ചത് നൂറിധികം സിസിടിവി ദൃശ്യങ്ങള്‍
നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒടുവില്‍ ഇവര്‍ ബൈക്ക് എടുക്കാനായി എത്തിയ സ്കൂട്ടര്‍ ഒരു വീടിന്റെ പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ട് അതിന്റെ ഉടമയ്ക്കായി അന്വേഷണം നടത്തി. ഒടുവില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.