കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റ് അമല കാൻസർ റിസർച്ച് സെന്ററുമായി സഹകരിച്ച് കോളജിൽ കേശദാന ക്യാമ്പ് നടത്തി.
കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിനികളായ അശ്വിനി നന്ദ, ദിയ ഫാത്തിമ, സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥിനികൾ, വീട്ടമ്മമാർ ഉൾപ്പെടെ ധാരാളംപേർ ക്യാമ്പിൽ പങ്കെടുത്ത് മുടി ദാനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഹെയർ ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, വോളണ്ടിയർ ലീഡർമാരായ യദു കൃഷ്ണ, ആൽബിൻ തോമസ്, ദേവിക രാജു, പി.എ. അസ്ന എന്നിവർ നേതൃത്വം നൽകി.
പൊടിമറ്റം സ്വദേശിയായ ജൂലിയാണ് ദാതാക്കളുടെ മുടി സൗജന്യമായി മുറിച്ച് നൽകിയത്.ക്യാമ്പിൽ ശേഖരിക്കുന്ന മുടി തൃശൂർ അമല കാൻസർ സെന്ററിന്റെ ഹെയർ ബാങ്കിലേക്ക് എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗവും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും മൂലം മുടി നഷ്ടപ്പെട്ടവർക്ക് തികച്ചും സൗജന്യമായി കൈമാറും.
വിപണിയിൽ 30,000 രൂപയിലധികം വിലവരുന്ന വിഗുകളാണ് നിർമിച്ച് കൈമാറുന്നത്. ഇനിയും മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു 17ന് മുന്പായി മുടി മുറിച്ച് കോളജിൽ എത്തിച്ച് പങ്കാളികളാകാവുന്നതാണ്.