എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷത്തിലധികമായി ഏതെങ്കിലുമൊരു സിനിമയുടെ ഭാഗമായിട്ട്. എവിടെയും പോയില്ല, ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. അഭിനയം അവസാനിപ്പിച്ചെന്നോ ഇനി സിനിമ ചെയ്യില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല.
അധികമാരും എന്നെ അന്വേഷിച്ചില്ല, വിളിച്ചില്ല. ഇടയ്ക്ക് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നു. ചില കഥകള്‍ കേള്‍ക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ ഇഷ്ടം തോന്നിയില്ല. ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ നല്ലൊരു കഥാപാത്രത്തിന്റെ കൂട്ടു വേണമെന്ന് മനസ് ആഗ്രഹിച്ചു. ആവര്‍ത്തന വിരസമായ വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വ്യത്യസ്തമായൊരു വേഷത്തിനുള്ള കാത്തിരിപ്പ് ഇങ്ങനെ നീണ്ടു. സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തെല്ലാം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്. അവതരിപ്പിച്ച വേഷങ്ങളും എന്റെ യഥാര്‍ഥ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇടപെടലുകള്‍, കാഴ്ചപ്പാടുകള്‍, വസ്ത്രധാരണം, മൊത്തത്തിലുള്ള ലുക്ക് എല്ലാം സിനിമകളില്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ്.
അതുകൊണ്ടുതന്നെ എന്നെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഇത് ഇന്നയാളാണല്ലോ എന്ന് ചിലരൊക്കെ മനസിലാക്കി. മറ്റ് ചിലര്‍ കാണാന്‍ നടി ജ്യോതിര്മയിയെപ്പോലെയുണ്ടെന്ന് പറഞ്ഞു. എല്ലാം ഞാന്‍ ചിരിച്ചു കൊണ്ട് ആസ്വദിക്കുകയായിരുന്നു. -ജ്യോതിര്‍മയി