യാത്രകൾ ഇഷ്ടപ്പെടാത്തതായി ആരുണ്ട്. പുറത്തെ കാഴ്ചകളൊക്കെ കണ്ട് പോകുന്നത് മനസിനു കുളിർമയും കണ്ണിന് ആനന്ദവുമാണ്. എന്നാൽ ട്രെയിനിലായാലും ബസിലായാലും സ്വകാര്യ വാഹനമായാലും സുരക്ഷയോട് വേണം യാത്ര ചെയ്യാൻ.
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എമർജെൻസി വിൻഡോയിലൂടെ എട്ടുവയസുകാരി താഴെ വീണ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നമാണ് കയ്യടി നേടുന്നത്. കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
മാതാപിതാക്കൾക്കൊപ്പ ഇരിക്കവെ ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉടൻതന്നെ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും കുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടൽ കാരണമാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്.
16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തുകയും, അവിടെ കണ്ട ഒരു ചരക്ക് തീവണ്ടിയിൽ കുട്ടിയെ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.