കോയമ്പത്തൂർ: രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ ഭാരതിയാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ അധ്യാപകർക്കെതിരേ ഗവർണർക്കു പരാതി നൽകി ഗവേഷക വിദ്യാർഥി. പ്രഫസർമാർ വീട്ടുജോലി ചെയ്യിക്കുന്നതായും ഗവേഷക വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിനു രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയിൽ പറഞ്ഞു.
39-ാമത് ബിരുദദാന ചടങ്ങിനിടെയായിരുന്നു സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആർ.എൻ. രവിക്കു പരാതി നൽകിയത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ പ്രകാശ് എന്ന വിദ്യാർഥിയാണു പരാതിക്കാരൻ. സർവകലാശാലയിലെ ഗവേഷകർക്കിടയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ചില അധ്യാപകർ വീട്ടുജോലികൾ ചെയ്യിക്കുന്നു. കുട്ടികളെ നോക്കുന്നതിനായി ഉപയോഗിക്കുന്നു. വീട്ടിലെ എച്ചിൽപ്പാത്രങ്ങൾ കഴുകിക്കുന്നതായും ഗവേഷക വിദ്യാർഥി ആരോപിക്കുന്നുണ്ട്. താൻ ഇതിന്റെയെല്ലാം ഇരയാണെന്നും പ്രകാശ് വെളിപ്പെടുത്തുന്നു.
അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചതിനു ശേഷം കൈക്കൂലി ഇനത്തിൽ ആവശ്യപ്പെടുന്നത്. പണം കൊടുത്തില്ലെങ്കിൽ ഇവർ പ്രബന്ധം പരിഗണിക്കില്ലെന്നും പരാതിയിൽ പറയുന്നു.