പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സരിന്. സിപിഎം പറഞ്ഞാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന് പ്രതികരിച്ചു.
പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിന്റെ പ്രതികരണം.
കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പശ്ചാത്തലത്തിലാണ് പാർട്ടി നടപടിയെടുത്തത്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സരിൻ ബുധനാഴ്ച വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ സരിനെതിരേ തത്ക്കാലം നടപടി വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്.
എന്നാൽ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി സരിൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം സതീശനാണെന്ന് അടക്കമുള്ള വിമർശനങ്ങളാണ് സരിൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്.