reshm
കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ സൈബർ സുരക്ഷ അംബാസഡറായി നിയമിച്ചത്. സൈബർ ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഓൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ക്യാമ്പയിന് ഇവർ നേതൃത്വം നൽകും.
അംബാസഡറായി തന്നെ നിയമിച്ച വിവരം രശ്മിക സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. നമുക്കും ഭാവി തലമുറകൾക്കുമായി സുരക്ഷിതമായ സൈബർ ഇടം കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിക്കാം. ബ്രാൻഡ് അംബാസഡറുടെ റോൾ ഏറ്റെടുക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് നിങ്ങളിൽ പരമാവധി ആളുകളെ ബോധവത്കരിക്കാനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്.
ഇതു നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ, ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്- രശ്മിക കുറിച്ചു.
അടുത്തിടെ രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ഇതിനെതിരേ ശക്തമായി താരം പ്രതികരിക്കുകയും ചെയ്തിരുന്നു.
പുഷ്പ 2 ആണ് രശ്മിക മന്ദാനയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുനാണ് നായകൻ.ഫഹദ് ഫാസിലും നെഗറ്റീവ് റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ക്രിസ്മസ് റിലീസായി ഡിസംബര്‍ ആറിന് ചിത്രം തിയറ്ററുകളിലെത്തും.