ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം.
റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഉച്ചകോടിക്കു പുറമേ ബ്രിക്സ് രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി ചർച്ചയും പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഒരേ ആശയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആഗോളവികസനവും സുരക്ഷയും ശക്തമാക്കുക എന്നതാണ് ഇത്തവണത്തെ സമ്മേളന ദൗത്യം.