കണ്ണൂർ: യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന പി.പി. ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. പരിപാടിയുടെ സംഘാടകൻ താനല്ല. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ അരുൺ കെ. വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിൽ നിന്ന് മാറ്റിയതല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അന്വേഷണവുമായി പുർണമായും സഹകരിക്കും. അന്വേഷണ സംഘത്തിന് താൻ മൊഴി നൽകുമെന്നും കളക്ടർ പറഞ്ഞു. അന്വേഷണം നടക്കുന്നത് കൊണ്ട് പൂർണമായ വിവരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ജീവനക്കാർ മൊഴി നൽകിയത് എന്താണെന്ന് അറിയില്ല.
ജീവനക്കാരെ വിളിച്ച് വരുത്തി വ്യക്തത വരുത്തും. കുടുംബത്തിന് കത്ത് അയച്ചത് കുറ്റസമ്മതമല്ലെന്നും അനുശോചന സന്ദേശമാണെന്നും കളക്ടർ പറഞ്ഞു. അതേസമയം കളക്ടർ അരുൺ കെ. വിജയൻ അവധി അപേക്ഷ നൽകിയിട്ടുണ്ട്. കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുക്കാനായി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ കണ്ണൂർ കളക്ടറേറ്റിലെത്തി.