തിരുവനന്തപുരം: വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവിൽ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാൾ.
വിഎസ് തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും ആവേശവുമാണ്. പാർട്ടിക്കുള്ളിൽ വിഎസിന്റെ കടുത്ത വിമർശകർ പോലും ഇപ്പോൾ അദ്ദേഹം സജീവമായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. സമരങ്ങളിലെ വിഎസിന്റെ സാന്നിധ്യവും എതിരാളികളെ വീഴ്ത്തുന്ന കണിശതയോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ വിമർശനങ്ങളും ഇപ്പോൾ അന്യമാണ്.
ഏകാധിപത്യത്തിന്റെ തടവറിയിൽ കിടക്കുന്ന പാർട്ടി ഒരു രക്ഷക ബിംബത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞാൽ തെറ്റുപറയാനാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടുള്ള അഭാവത്തിലും ഭാവത്തിന്റെ പരകോടിയിൽ നിന്നുകൊണ്ട് വിഎസ് പാർട്ടി അണികൾക്ക് ഇപ്പോഴും പ്രതീക്ഷ പകരുന്നു.
വർത്തമാനകാല രാഷ്ട്രീയവും അതുപോലെ തന്നെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയവും വി.എസ്.അച്യുതാനന്ദന്റെ സജീവ ഇടപെടലുകൾ നന്നേ ആഗ്രഹിച്ചുപോകുന്ന കാലഘട്ടമാണ്. സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന ഇടതുസർക്കാരും ആക്ഷേപങ്ങളുടെ കൊടുമുടിയിലാണ്.
പാർട്ടിയുടെ നയങ്ങളും ആശയവുമൊക്കെ മരവിച്ചുപോയോയെന്ന് ഇപ്പോൾ സമ്മേളനങ്ങളിൽ ചിലരെങ്കിലും ചോദിക്കുന്നുണ്ട്. അതിനു ധൈര്യപ്പെടുന്നവർ വിഎസിന്റെ സജീവ സാന്നിധ്യത്തിന്റെ പ്രസക്തിയെ സംബന്ധിച്ചും ചൂണ്ടിക്കാണിക്കുന്നു. . വിഎസിന്റെ സാന്നിധ്യവും അദ്ദേഹം തൊടുത്തുവിടുന്ന വിമർശനങ്ങളും ചർച്ചകളും ഇന്നില്ല.
പാർട്ടി സമ്മേളന വേദികളെ മുൾമുനയിൽ നിർത്തുന്ന വിഎസിനെപ്പോലെയൊരു നേതാവ് ഇപ്പോൾ വാർധക്യത്തിന്റെ അവശതയിലാണ്. എങ്കിലും സാധാരണ പാർട്ടി പ്രവർത്തകർക്കു വിഎസ് ആവേശം തന്നെയാണ്. അതുകൊണ്ടു തന്നെയാണു 101-ലും അദ്ദേഹം പാർട്ടി പ്രവർത്തകർക്കു പ്രതീക്ഷ പകരുന്നത്.