ചാത്തന്നൂര്‍: അനാഥയായ ലക്ഷ്മിക്ക് നന്മനിറഞ്ഞ മനസുകളുടെ പുണ്യത്താല്‍ മാംഗല്യം. ഇന്നലെയാണ് അനാഥത്വത്തില്‍ നിന്നും സനാഥത്വത്തിലേക്കുള്ള വാതില്‍ തുറന്നു ലക്ഷ്മി സുമംഗലിയായത്. ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിലെ കീഴൂട്ട് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും സാക്ഷികളാകാനും വിവിധ തുറകളില്‍പ്പെട്ടവര്‍ എത്തി. ക്ഷേത്രം മേല്‍ശാന്തി ജയപ്രകാശ് പോറ്റി വിവാഹചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ണാടകത്തിലെ മംഗലാപുരത്ത് ഉള്‍പ്രദേശത്തുള്ള ഗ്രാമത്തിലെ പരേതനായ രമേശന്-ഏലാമ്മ ദമ്പതികളുടെ മകളാണ് രാധ എന്ന ലക്ഷ്മി. ഒരു സഹോദരി ഉണ്ടെങ്കിലും നേരിയ ഓര്‍മ്മ മാത്രം.
അമ്മ മരിച്ചതിന് ശേഷം വീട്ടിലെ ദുരിതങ്ങള്‍ കാരണം വിവാഹിതയായ സഹോദരിയുടെ വീട്ടില്‍ പോകാനായി കുഞ്ഞു പ്രായത്തില്‍ ട്രെയിന്‍ കയറിയതാണ് .പിന്നീട് ലക്ഷ്മി എത്തിപ്പെട്ടത് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആണ്. തുടന്ന് പോലീസ് ചാത്തന്നൂരിലെ കരുണാലയം അനാഥലയത്തില് എത്തിക്കുക യായിരുന്നു. പതിനൊന്ന് വര്‍ഷത്തോളം അനാഥാലയത്തില്‍ കഴിഞ്ഞു. ലക്ഷ്മി നന്നായി മലയാളം സംസാരിക്കാന്‍ പഠിച്ചു. ഒരുദിവസം അനാഥാലയത്തില്‍ നിന്നും പുറത്ത് ചാടിയ ലക്ഷ്മി മാമ്പള്ളികുന്നം കാര്‍ത്തികയില്‍ പത്മിനി അമ്മയുടെ വീട്ടില്‍ എത്തി. തിരികെ അനാഥാലയത്തിലേക്ക് പോകാന്‍ ലക്ഷ്മി തയാറായില്ല. അനാഥാലയത്തിന്റെ പരാതിയില്‍ ലക്ഷ്മിയെ പോലീസ് അറസ്റ്റു ചെയ്തു പരവൂര്‍ കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ കോടതി ലക്ഷ്മിയെ പത്മിനി അമ്മയോടൊപ്പം പോകാന്‍ അനുമതി നല്കി. അഞ്ചു മാസത്തോളം പത്മിനിയമ്മയുടെ സംരക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കൊല്ലം പട്ടത്താനം വയലില്‍ പുത്തന്‍ വീട്ടില്‍ സത്യന്റെയും രമണിയുടെയും മകന് സതീഷിനെ വരനായി കണ്ടെത്തി. പത്മിനിയമ്മയുടെയും സതീഷിന്റെയും ബന്ധുക്കള്‍ ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ബിജെപി ജില്ലാകമ്മിറ്റി അംഗം എസ്. സുരേഷ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തയാറാവുകയും ഒപ്പം സഹായിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരുകയും ചെയ്തു.
ചടങ്ങില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ബി.ബി ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാസുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.നിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരീഷ് കുമാര്‍, ശ്രീനാഗേഷ്, ബി.സജന് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.