പോലീസ് വേഷത്തിലെത്തിയ വ്യാജന്മാർ തന്റെ കൈയിൽനിന്ന് 3,000 രൂപ തട്ടിയെടുത്ത അനുഭവം പങ്കിട്ട് യുവാവ്. കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലാണു സംഭവം. സമൂഹമാധ്യമത്തിൽ യുവാവ് പങ്കുവച്ച പോസ്റ്റ് വൈറലായി മാറി.
കസ്തൂരി നഗറിനടുത്തുള്ള സുഹൃത്തിനെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുന്പോൾ മൂന്നുപേർ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഒരാള് പോലീസ് യൂണിഫോമിലായിരുന്നു. രണ്ടു പേർ സാധാരണ വസ്ത്രത്തിലും.
അന്പതിലേറെ പ്രായമുള്ള അവർ യുവാവിനോട് എവിടെയാണു താമസിക്കുന്നത്, എവിടെനിന്നു വരുന്നു, ലഹരി ഉപയോഗിക്കുമോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാനാരംഭിച്ചു. തുടർന്ന്, യുവാവിന്റെ ഫോണും പഴ്സും പിടിച്ചുവാങ്ങി പരിശോധിച്ചു.
പഴ്സിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ കൊള്ളാമെന്നും കൂടെയുള്ളതു കാമുകിയാണോയെന്നും പെൺകുട്ടി കൊള്ളാമല്ലോ എന്നുമൊക്കെ പറഞ്ഞു. പരിശോധന കഴിഞ്ഞു പഴ്സ് തിരികെ കൊടുക്കുകയും ഭീഷണിയുടെ സ്വരത്തിൽ വേഗം സ്ഥലംവിടാനും പറഞ്ഞു. വീട്ടിലെത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് 3,000 രൂപ അവർ എടുത്തതായി മനസിലാക്കിയത്.
നഗരത്തിൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളായി എത്തി. ഒറിജിനൽ പോലീസുകാരും പണം പിടിച്ചുവാങ്ങിയതായി ധാരാളം പേർ പ്രതികരണങ്ങളിൽ അറിയിച്ചു.