കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇതിൽ രണ്ട് പേരെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള നാല് അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണർ വ്യക്തമാക്കി.
കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 39 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്.
2022ല്‍ ബംഗളൂരുവിലും മോഷണം
പിടിയിലായ മൂന്നു പ്രതികളും സമാനരീതിയില്‍ ബംഗളൂരുവിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. 2022ല്‍ ബംഗളൂരു ഫീനിക്സ് മാളില്‍ നടന്ന ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം.
ബംഗളൂരുവിലെ മാധേവപുരം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ്. ഇവിടെനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികള്‍ മൂന്നുപേരും അലന് വാക്കറുടെ ഷോ നടക്കുന്നതിനിടെ കൊച്ചിയില്‍ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.