ലക്നോ: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് ആൺകുട്ടിയെ മർദിച്ചതായി പരാതി. 16കാരനായ വിദ്യാർഥിക്കാണ് മർദനമേറ്റത്. കാൺപുരിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഭാരതീയ ന്യായ സംഹിത, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബി.ആർ. അംബേദ്കറുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസായി പങ്കുവച്ചതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഘതംപൂർ) രഞ്ജീത് കുമാർ പറഞ്ഞു.
ഇവർ കുട്ടിയെ “ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.