കണ്ണൂർ: മുഖ്യമന്ത്രിയെ ഇന്നലെ വീട്ടിൽ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്നും ജില്ലയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘത്തോട് സത്യം സത്യമായി തന്നെ പറയുമെന്നും അരുൺ കെ. വിജയൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തന്റെ മുൻകൂർ ജാമ്യ ഹർജിയിൽ യാത്രയയപ്പ് യോഗത്തിൽ താൻ കളക്ടർ വിളിച്ചിട്ടാണ് പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കളക്ടർ ഇത് നിഷേധിച്ചിരുന്നു.
ഇക്കാര്യം കളക്ടർ വകുപ്പ് തല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റെ കമ്മീഷണർ എ. ഗീതയ്ക്ക് മൊഴിയായി നൽകുകയും ചെയ്തിരുന്നു.
പോലീസിന് മൊഴി നൽകുന്പോഴും സത്യം സത്യമായി പറയുമെന്നാണ് കളക്ടർ ആവർത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളോട് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.
ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ കളക്ടർ പരിപാടിയിൽ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രിയെ വീട്ടിൽ സന്ദർശിച്ചത്.