കൊച്ചി: കളര്‍ ഡ്രസ് ധരിച്ചു സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയോട് യൂണിഫോമിട്ടു വരാന്‍ നിര്‍ബന്ധിച്ച പ്രധാനാധ്യാപികയ്ക്കെതിരേ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
തൃശൂരിലെ ഒരു വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2020 മാര്‍ച്ച് രണ്ടിന് പരീക്ഷയുടെ മാര്‍ക്കറിയാനും പുതിയ പുസ്തകങ്ങള്‍ വാങ്ങാനുമായി കളര്‍ ഡ്രസിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ കുട്ടിയോട് യൂണിഫോം ധരിച്ചു വരാന്‍ പറഞ്ഞ് തിരിച്ചയച്ചു.
അവധിക്കാലമായതിനാല്‍ യൂണിഫോം നിര്ബന്ധമല്ലായിരുന്നുവെന്നാണ് കുട്ടിയുടെ നിലപാട്. എന്നാല്‍, അക്കാദമിക് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ യൂണിഫോം വേണ്ടിയിരുന്നെന്ന് പ്രിന്‍സിപ്പലും പറഞ്ഞു.
പരാതിക്കാരിയായ കുട്ടിയുടെ അമ്മ ഇതേ സ്കൂളില്‍ അധ്യാപികയാണ്. പരീക്ഷാഡ്യൂട്ടിയില്‍ ശ്രദ്ധക്കുറവുണ്ടായതിന് അവര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് മകള്‍ മുഖേന പരാതി നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു.
കുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ഹൈക്കോടതി ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി. ദേഹോപദ്രവം, അധിക്ഷേപം, അവഗണന തുടങ്ങിയ കുറ്റങ്ങളൊന്നും പ്രഥമദൃഷ്ട്യാ കാണുന്നില്ല. അതിനാല്‍ പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടും വടക്കാഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസിന്റെ തുടര്‍നടപടികളും റദ്ദാക്കി.