പാലക്കാട്: യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ല, ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് പി.വി. അൻവർ. കോണ്‍ഗ്രസിന്റെ അവസാന വാക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ല. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളത്. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു.
ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവര്‍ ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു.
ചേലക്കരയിൽ എന്‍.കെ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണെന്നും അന്‍വര്‍ തുറന്നടിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
പി.വി. അൻവർ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്നുമാണ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞത്. യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി അധ്യക്ഷനും താനും തമ്മിൽ ഭിന്നതയില്ലെന്നും സതീശന് വ്യക്തമാക്കി.