തിരുവനന്തപുരം: യുഡിഎഫ് പി.വി അൻവറുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ. പാലക്കാട് യുഡിഎഫ് വൻ വിജയം നേടുമെന്ന് പറഞ്ഞ ഹസൻ പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്നും കൂട്ടിച്ചേർത്തു.
അൻവർ പറഞ്ഞത് ആർക്കും അംഗീകരിക്കാനാവില്ല. പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ് അൻവർ കണ്ടെത്തിയ സ്ഥാനാർഥി. അൻവർ ഡീൽ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും യുഡിഎഫ് അൻവറുമായി മറ്റ് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഹസന് പറഞ്ഞു.
പി. സരിന് സീറ്റ് നൽകുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് എം.എം.ഹസൻ ആരോപിച്ചു. പാർട്ടിയിൽ കലാപം ഉണ്ടാക്കിവന്നാൽ സ്ഥാനാർഥിയാക്കാമെന്നായിരുന്നു സിപിഎം തയ്യാറാക്കിയ തിരക്കഥ. ദുർബലനായ ഒരു സ്ഥാനാർഥിയെ നേരത്തെ നടന്ന ചില ഡീലിന്റെ അടിസ്ഥാനത്തിൽ സിപിഎം കണ്ടെത്തിയതാണ്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും ഹസന് പറഞ്ഞു.