കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പോലീസിന് കൈമാറി. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്.
കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ അമർഷം ഉണ്ടായിരുന്നു.
നവീന്‍ ബാബുവിന്റെ ഫോണിൽനിന്നുള്ള അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകരായ രണ്ട് പേരുടെ വാട്സാപ്പിക്കായിരുന്നു. മരണം നടന്ന 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകളാമ് സന്ദേശമായി അയച്ചുകൊടുത്തത്. ഇതിന് ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണു വിവരം. എന്നാല്‍, നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.
14ന് വൈകുന്നേരം ആറിന് മുനീശ്വരൻ കോവിലിനരികിൽ വാഹനമിറങ്ങിയ നവീൻ ബാബു റെയിൽവേ സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കാമറകളും നവീൻ ബാബുവിന്റെ ഫോൺ ലോക്കേഷനും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.
അതേസമയം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബു എങ്ങോട്ട് പോയെന്നോ എപ്പോഴാണ് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയെന്നോ എങ്ങനെ പോയെന്നോ എപ്പോൾ എത്തിയെന്നോ ഇതുവരെ പോലീസിന് കണ്ടെത്താനായില്ല.