കൊച്ചി: അലന് വോക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകള്‍ കൈവശമുള്ള സംഘാംഗം യുപിയിലേക്ക് കടന്നതായി വിവരം.
മുംബൈയിലുള ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൈവശമാണ് മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകളുള്ളതെന്നാണ് മുംബൈയില്‍ നിന്ന് പിടിയിലായ സണ്ണി ഭോല യാദവ് (28), ശ്യാം ബെന്വാള് (32) എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഇയാള്‍ നിലവില്‍ യുപിയിലേക്ക് കടന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് പിടിയിലായ പ്രതികളുമായി പോലീസ് സംഘം ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്ക് തിരിക്കും. നാളെ ഇവിടെ എത്തും. പിടിയിലായ ഡല്‍ഹി സംഘത്തിലെ ആതിഖ് ഉര് റഹ്മാന് (38), വാസിം അഹമ്മദ് (31) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുളവുകാട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഈ പ്രതികളില്‍ നിന്ന് കണ്ടെത്തിയ 20 ഫോണുകളില്‍ അഞ്ച് ഐ ഫോണുകള്‍ കൊച്ചിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.