മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ, അനുഭവമോ ഒന്നും നോക്കാതെ തന്നെ യാതൊരു മറയുമില്ലാതെ വാനോളം പ്രശംസിക്കും. ആ അനുഗ്രഹത്തിൽ നക്ഷത്രപ്രഭ പൂണ്ടവർ നിരവധിയാണ്.
മൃദംഗത്തിലെ അതികായന്മാരെ ഒഴിവാക്കിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ കച്ചേരിയിൽ അന്നു യുവാവായിരുന്ന പാലക്കാട് മണി അയ്യർക്കു ചെന്പൈ അവസരം നൽകുന്നത്. ഭാരവാഹികളുടെ മുഴുവൻ എതിർപ്പിനെയും അവഗണിച്ചു കൊണ്ടാണ് പയ്യനായ മണി അയ്യരെ സ്വാമി സദസിലേക്കു ആനയിക്കുന്നത്.
മൃദംഗത്തിൽ താളമഴ പെയ്യിച്ചു കൊണ്ടുള്ള മണിഅയ്യരുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു. കെ.ജെ. യേശുദാസിന്റെ കീർത്തനം കേട്ട് ആഹ്ലാദവാനായ ചെന്പൈ “ഗാനഗന്ധർവൻ’ എന്നുറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് അനുമോദിച്ചത് ഇന്നും പല സംഗീത ആരാധകരും ഓർമിക്കുന്നു.
യേശുദാസിനോട് വലിയ വാത്സല്യമായിരുന്നു ചെന്പൈ സ്വാമിക്ക്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തിരുന്ന് സംഗീത കച്ചേരി നടത്തുന്പോൾ ശിഷ്യനായ യേശുദാസിനെയും ഒപ്പം കൂട്ടിയിരുന്നു. ചെന്പൈ ഗ്രാമത്തിലെ വീട്ടിൽ ചെന്പൈ സ്വാമി ഒരിക്കൽ നാരായണീയം വായിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് ശിഷ്യന്മാരായ ജയവിജയന്മാരുമായി യേശുദാസ് ആദ്യം ചെന്പൈയുടെ വീട്ടിലെത്തുന്നത്.
യേശുദാസനാണോ? എന്നു സന്തോഷാധിക്യം മറച്ചു വയ്ക്കാതെ ചോദിച്ച ചെന്പൈ യേശുദാസിനു ആദ്യം നൽകിയത് ഗുരുവായൂരിലെ പഞ്ചസാരയും പ്രസാദവുമാണ്. യേശുദാസിനെ നിരവധി കീർത്തനങ്ങൾ പഠിപ്പിക്കുകയും കേരളത്തിലും മുംബൈയിലും നടന്ന തന്റെ കച്ചേരികളിൽ അന്നു സനിമാ ഗായകനായി കൂടുതൽ അറിയപ്പെട്ടിരുന്ന യേശുദാസിനെ ഒപ്പം പാടിക്കുകയും ചെയ്തതും ചെന്പൈ സ്വാമി തന്നെ.
ചെന്പൈയുടെ മഹാമനസ്കതയെക്കുറിച്ചുള്ള ധാരാളം അനുഭവങ്ങൾ പ്രശസ്തരായ പല സംഗീതജ്ഞരും പക്കമേള കലാകാരന്മാരും പറയാറുണ്ട്. മൃദംഗപണ്ഡിതൻ അന്തരിച്ച പ്രഫ. മാവേലിക്കര വേലുക്കുട്ടി നായർ പറഞ്ഞ അനുഭവം കുറിക്കാം.
“ചെന്പൈ സ്വാമിയെ പോലെ മനുഷ്യസ്നേഹിയായ മറ്റൊരു സംഗീതജ്ഞനെ ഞാൻ കണ്ടിട്ടില്ല. പ്രതിഭയുള്ള കലാകരന്മാരെ വളരെയധികം പ്രോത്സാഹിപ്പിക്കുമായിരുന്നു സ്വാമി.
ഇനി ഒരുപക്ഷെ കച്ചേരിക്കിടയിൽ ഒരു പക്കമേള കലാകാരൻ ചെന്പൈയുടെ സംഗീതത്തിനു അനുസരിച്ച് മുന്നേറുന്നില്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു വാക്കും സ്വാമി പറയില്ല. കച്ചേരി കഴിഞ്ഞ ഉടനെ കലാകാരനെ വിളിച്ച സ്വകാര്യമായി പറയും…”നിന്റെ വായനകൊള്ളാം, കുറെകൂടി സാധകം ചെയ്താൽ ഇനിയും നന്നാവും…’
ചെന്പൈ സ്വാമിയുടെ കച്ചേരിക്കു മൃദംഗം വായിക്കുന്പോൾ വളരെ ചെറുപ്പമായിരുന്നു ഞാൻ. കച്ചേരി കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ ചുറ്റും നിന്നവരോട് സ്വാമി പറഞ്ഞു “ഇവനെ കൊണ്ട് പോയി മദ്രാസ് ആകാശവാണിയിലെ എന്റെ കച്ചേരിക്കു മൃദംഗം വായിപ്പിക്കും…’
സാധാരണ ഇങ്ങനെ പറയുന്നവരിൽ ഭൂരിഭാഗവും വാക്കു പാലിക്കാറില്ല. എന്നാൽ പിന്നീട് മദ്രാസ് ആകാശവാണിയിൽ സ്വാമിയുടെ കച്ചേരി നടന്നപ്പോൾ എന്നെ ക്ഷണിച്ച് കൊണ്ടു പോയി മൃദംഗം വായിപ്പിച്ചു. ചെന്പൈ സ്വാമിയുടെ ഹൃദയനന്മ ഞാൻ നേരിട്ടറിഞ്ഞ ഒരു സംഭവവുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറയിലെ ഒരു ക്ഷേത്ര ഉത്സവത്തിനു കച്ചേരി അവതരിപ്പിക്കുവാൻ ചെന്പൈ സ്വാമിയെ ഞാൻ ക്ഷണിച്ചിരുന്നു.
വൈകിട്ട് കച്ചേരി തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചതിനെത്തുർന്ന് കൃത്യസമയത്തിനു മുൻപേ സ്വാമി എത്തി. എന്നാൽ തീരെ പ്രതീക്ഷിക്കാതെ സംഘാടകരും നാട്ടുകാരും തമ്മിൽ എന്തോ ഒരു പ്രശ്നത്തെ ചൊല്ലി തർക്കം തുടങ്ങി. തർക്കങ്ങളും വാഗ്വാദങ്ങളും നീണ്ടു നീണ്ടു പോയി. മണി എട്ടായി,ഒന്പതായി, പത്തായി ഇരുകൂട്ടരും തയാറാകാത്തതിനാൽ കച്ചേരി തുടങ്ങുവാൻ കഴിയുന്നില്ല.
ഞാനാകെ വിഷമത്തിലായി. മദ്രാസിൽ നിന്ന് നൂറുകണക്കിനു കിലോമീറ്റർ താണ്ടി കച്ചേരിക്കായി കുണ്ടറയിൽ വന്നിരിക്കുന്ന മഹാസംഗീതജ്ഞൻ എന്നോടുള്ള സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് ഇങ്ങനെ ക്ഷേത്രമുറ്റത്ത് വന്നിരിക്കുന്നത്. സ്വാമിയെ നേരിടാനാവാതെ ഞാൻ വിഷമിച്ചു. ഇടയ്ക്ക് ഇടയ്ക്ക് സ്വാമിയോട് കച്ചേരി ഇപ്പോൾ തുടങ്ങുമെന്ന് ഞാൻ വെറുതെ പറഞ്ഞ് കൊണ്ടിരുന്നു.
എന്നെ ആശ്വസിപ്പിക്കാനെന്നോണം സ്വാമി പുഞ്ചിരിച്ചു തലകുലുക്കി. രാത്രി പന്ത്രണ്ടിനും വഴക്കും ബഹളവും തുടർന്നു. കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന ചെന്പൈ സ്വാമിക്കു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. സങ്കോചവും വേദനയും ആശങ്കയും ചേർന്ന മനസുമായി നിമിഷങ്ങൾ എണ്ണി എണ്ണി… എന്റെ ജീവിതത്തിൽ ഇത്രയും വിഷമിച്ച ഒരു സമയം വേറെയില്ല. ഒടുവിൽ രാത്രി ഒന്നിനാണ് പ്രശ്നങ്ങൾക്കു അവസാനമായത്.
സംഗീത കച്ചേരിക്കായി ഓഡിറ്റോറിയത്തിന്റെ തിരശീല ഉയരുന്പോൾ പുഞ്ചിരിച്ചുകൊണ്ട് ചെന്പൈ വേദിയിലുണ്ടായിരുന്നു. വൈകിട്ട് ഏഴിനെന്ന പോലെ ചെന്പൈ സ്വാമി പ്രസന്നവദനനായിരുന്നു. അർധരാത്രി വരെ കണ്ണടയ്ക്കാതെ നിസാര കാര്യങ്ങൾക്കായുള്ള മനുഷ്യരുടെ ഭിന്നതകൾക്കു സാക്ഷിയായിരുന്ന ചെന്പൈ വൈദ്യനാഥ ഭാഗവതർ എല്ലാം മറന്ന് കീർത്തനങ്ങൾ ആലപിക്കുന്നത് ഞാൻ അദ്ഭുതത്തോടെ നോക്കി നിന്നു. കർണാടക സംഗീത ലോകത്തെ അടക്കിവാണിരുന്ന മഹാസംഗീതജ്ഞനാണ് ഇങ്ങനെ എല്ലാം ക്ഷമിച്ച് സഹിച്ച് ഒരു രാത്രി മുഴുവൻ കർട്ടൻ ഉയരുന്നത് കാത്തിരുന്നത് എന്ന് ഓർക്കണം.”
എസ്.മഞ്ജുളാദേവി