സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ജൈവരീതിയില്‍ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്തുത്സവം ആവേശമായി. കൊണ്ടാട് ചൂരവേലില്‍ പാടശേഖരത്താണ് ഇന്നലെ കൊയ്ത്തുത്സവം നടന്നത്.
താളമേളങ്ങളോടെ കുട്ടികള്‍ ഇത് ആഘോഷമാക്കി. പുഴുങ്ങിയ ചെണ്ടന്‍കപ്പയും മുളക് പൊട്ടിച്ചതും കട്ടന്കാപ്പിയുമൊക്കെയായി തനി നാടന്‍ രീതിയിലായിരുന്നു കൊയ്ത്തുത്സവം. അധ്യാപകരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട അമ്പതോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, മധു ചൂരവേലില്‍ എന്നിവര്‍ കുട്ടികള്‍ക്കു കാര്‍ഷിക നിര്‍ദേശങ്ങള്‍ നല്കി. നാലുമാസം മുമ്പ് തവളക്കണ്ണന്‍ വിത്താണ് കുട്ടികള്‍ പാടത്ത് വിതച്ചത്. ജൈവവളവും ജൈവകീടനാശിനിയുമാണ് കൃഷിയില്‍ ഉപയോഗിച്ചത്. സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് കൃഷി രീതിയാണ് അവലംബിച്ചത്.
മികച്ച രീതിയില്‍ നെല്‍കൃഷി ചെയ്ത വോളണ്ടിയര്‍മാരെയും പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സിനെയും പ്രിന്‍സിപ്പല്‍ സാബു മാത്യു, സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പിടിഎ, അധ്യാപകര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. കൃഷിയില്‍നിന്ന് പഠിച്ച കൃഷിപാഠങ്ങള്‍ ഉള്‍ക്കൊണ്ടു വിപുലമായ രീതിയില്‍ പുതിയ കൃഷിക്ക് ഒരുങ്ങുകയാണ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍.