ഹൈദരാബാദ്: “പ്രേമത്തിന് കണ്ണില്ല’ എന്നാണല്ലോ ചൊല്ല്. അതിൽ യാഥാർഥ്യമുണ്ടുതാനും. പൊതുസ്ഥലത്താണെങ്കിൽ പോലും ആരെങ്കിലും കാണുമോ എന്ന ചിന്തയൊന്നുമില്ലാതെയാണു പലപ്പോഴും കമിതാക്കളുടെ പെരുമാറ്റം.
പാർക്കുകളിലും തിയറ്ററിലും മാളിലുമൊക്കെ കാമുകീകാമുകന്മാർ സ്വകാര്യ നിമിഷങ്ങൾക്കായി ഒത്തുചേരുന്നു. ടാക്സികളാണു മറ്റൊരു സംഗമവേദി. ഇവരുടെ “ലീലകൾ’ സഹിക്കാൻ പറ്റാതെ ഒരു ഡ്രൈവർ തന്റെ ടാക്സിയിൽ എഴുതിവച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഹൈദരാബാദിലാണ് സംഭവം. “നോ റൊമാൻസ്’ എന്ന മുന്നറിയിപ്പോടെയാണു ബോർഡിലെ വാക്കുകൾ തുടങ്ങുന്നത്. “ഇതൊരു കാബാണെന്നും സ്വകാര്യ ഇടമല്ല എന്നും അതുകൊണ്ടുതന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാൻ’ എന്നും പച്ചയ്ക്ക് ബോർഡിൽ എഴുതിവച്ചിട്ടുണ്ട്.
ഇതിനെ വിമർശിച്ചും അനുകൂലിച്ചും ട്രോളിയുമൊക്കെ അനേകംപേരാണ് കമന്റുകൾ ഇട്ടത്. “ബ്രോ സിംഗിളാണ് എന്ന് തോന്നുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്. “ഡൽഹിയിലും ബംഗളൂരുവിലും ഇത് കണ്ടിട്ടുണ്ട്, ഹൈദരാബാദിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല’ എന്നായിരുന്നു മറ്റൊരു കമന്റ്.