കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിനിടെ വിവാദ പെട്രോൾ പന്പ് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ബിജെപി കേരളഘടകത്തിന്റെ നിർദേശപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്.
ഒരു പെട്രോൾ പന്പ് ആരംഭിക്കണമെങ്കിൽ മൂലധനമുൾപ്പെടെചുരുങ്ങിത് രണ്ടു കോടിയോളം രൂപ ആവശ്യമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ സംരംഭകന് ഇത്രത്തോളം പണം എവിടെനിന്ന് ലഭിച്ചു എന്നതുൾപ്പെടെയുള്ള സാന്പത്തിക സ്രോതസാണ് ഇഡി അന്വേഷിക്കുക.
ഭാര്യയുടെ സ്വർണമുൾപ്പെടെ പണയം വച്ചാണ് പന്പിനുള്ള എൻഒസിക്കായി എഡിഎമ്മിന് 98,500 രൂപ കൈക്കൂലിയായി നൽകിയതെന്നാണ് സംരംഭകനായ പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നത്.
അതേ സമയം ഇഡി അന്വേഷണം ജില്ലയിലെ ചില മുതിർന്ന സിപിഎം നേതാക്കളിലേക്കും യുവനേതാക്കളിലേക്കും നീണ്ടേക്കുമെന്ന സൂചനയും ഉണ്ട്.
സംരംഭകനായ പ്രശാന്ത് ബിനാമിയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരമെന്നാണ് അറിയുന്നത്. വിവാദ പെട്രോൾ പന്പ് സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി എംപിയും കേന്ദ്ര പെട്രോളിയം സഹമന്ത്രിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇഡി അന്വേഷണമാരംഭിക്കുന്നത്.