കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഒളിവിലുള്ളയാള്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണയക വിവരം ലഭിച്ചിട്ടുള്ളത്.
മുംബൈ സംഘം 12ഓളം ഫോണുകളുമായി വിമാനത്താവളത്തിലെത്തുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ പ്രതികളില്‍നിന്നും മൂന്ന് ഫോണുകള്‍ മാത്രമാണ് പോലീസിന് കണ്ടെത്താനായത്. മറ്റ് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. കേസില്‍ നാല് പേരെയാണ് ഇനി പിടികൂടാനുള്ളതെന്ന് പോലീസ് പറയുന്നു.
അതിനിടെ അറസ്റ്റിലായ ഡല്‍ഹി മുംബൈ സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ നാല് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവില്‍ ഡല്ഹിയിയില്നിന്നും അറസ്റ്റിലായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്.
കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യുപി രാംപൂര്‍ ഖുഷിനഗര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരെ ഇന്നലെ രാത്രിയേടെ കൊച്ചിയിലെത്തിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈകാതെ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ പോലീസ് നല്‍കും. പിടിയിലായ പ്രതികളില്‍ നിന്നും മറ്റു പ്രതികളക്കുറിച്ച് പോലീസ് ഏതാനും ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
അതേസമയം പിടിയിലായ പ്രതികള്‍ക്ക് കൊച്ചിയിലടക്കം പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈ സംഘത്തില്‍നിന്നും മൂന്ന് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹി സംഘത്തില്‍ നിന്നും 20 ഫോമുകളും കണ്ടെത്തിയിരുന്നു. ഇവയുടെ പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണ്. 39 മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.
അറസ്റ്റിലായ പ്രതികളില്‍നിന്നും കണ്ടെത്തിയ 23 ഫോണുകളും കൊച്ചിയില്‍നിന്ന് തന്നെ മോഷണം പോയതാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വൈകാതെ ഫോണ്‍ നഷ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട് ഫോണുകള്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തും.
പ്രതികള്‍ക്ക് സ്മാര്‍ട്ഫോണ്‍ വ്യാപാരികളുമായി ബന്ധം
അറസ്റ്റിലായ പ്രതികള്‍ക്ക് മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും ചില പ്രശസ്തമായ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ കമ്പനികളുമായി ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം അനേഷണസംഘത്തിന് ലഭിച്ചത്.
മോഷ്ടിക്കുന്ന ഫോണുകള്‍ പ്രതികള്‍ ഇത്തരത്തില്‍ വിൽപ്പന നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. കൊച്ചിയില്‍നിന്നും മോഷ്ടിച്ച ഫോണുകള്‍ ഏതെങ്കിലും ഇത്തരത്തില്‍ വിൽപ്പന നടത്തിയിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധന നടത്തി വരികയാണ്.