ക്രൈസ്റ്റ്ചർച്ച്: ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ടസെഞ്ചറി റിക്കാർഡ് ഇനി ന്യൂസിലൻഡിന്റെ ചാഡ് ബോവ്സിനു സ്വന്തം. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡും ഇന്ത്യയുടെ എൻ. ജഗദീശനും സ്വന്തമാക്കിവച്ചിരുന്ന റിക്കാർഡ് ബോവ്സ് തകർത്തു. 103 പന്തിലായിരുന്നു ബോവ്സിന്റെ ഇരട്ടസെഞ്ചുറി പിറന്നത്. ദ ഫോഡ് ട്രോഫിയിൽ കാന്റർബറിക്കുവേണ്ടി ഒട്ടാഗോയ്ക്കെതിരേയായിരുന്നു ബോവ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
മത്സരത്തിൽ 110 പന്തിൽ 205 റണ്‍സുമായി ബോവ്സ് പുറത്തായി. ബോവ്സിന്റെ ഇരട്ടസെഞ്ചുറി ബലത്തിൽ കാന്റർബറി 50 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 343 റണ്‍സ് നേടി. ഒട്ടാഗോയുടെ മറുപടി 24.5 ഓവറിൽ 103ൽ അവസാനിച്ചു. ഫലത്തിൽ കാന്റർബറിക്ക് 240 റണ്‍സിന്റെ കൂറ്റൻ ജയം.
എൻ. ജഗദീശനും ട്രാവിസ് ഹെഡും 114 പന്തിലായിരുന്നു ഇരട്ടസെഞ്ചുറിയിലെത്തിയത്. 2021-22 മാർഷ് കപ്പിൽ ക്വീൻസ്ലാൻഡിനെതിരേ സൗത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടിയായിരുന്നു മാർഷിന്റെ 114 പന്തിലെ ഡബിൾ സെഞ്ചുറി.
2022 വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽപ്രദേശിനെതിരേയായിരുന്നു തമിഴ്നാടിന്റെ ജഗദീശൻ 114 പന്തിൽ ഡബിൾ തികച്ചത്. അന്ന് 141 പന്തിൽ 277 റണ്‍സ് ജഗദീശൻ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ബാറ്ററിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
2023ൽ ന്യൂസിലൻഡിനായി അരങ്ങേറിയ ബോവ്സ് ആറ് ഏകദിനങ്ങളിൽനിന്ന് 99 റണ്‍സും 11 ട്വന്റി-20യിൽനിന്ന് 187 റണ്‍സും നേടിയിട്ടുണ്ട്. 2012 ഐസിസി അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നു ബോവ്സ്.