അങ്കാറ: തുര്‍ക്കിയിലെ തലസ്ഥാനനഗരമായ അങ്കാറയ്ക്കു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ മരണം അഞ്ചായി. 22പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കുർദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ പറഞ്ഞു.
തുർക്കി ഭരണകൂടത്തിനെതിരായ പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു കുർദുകൾ. കൊല്ലപ്പെട്ടവരിൽ നാലുപേർ ടർക്കിഷ് എയ്റോസ്പേസ് ജീവനക്കാരും ഒരാൾ ടാക്സി ഡ്രൈവറുമാണ്.
അങ്കാറയിൽനിന്ന് 40 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ (ടിഎഐ) ആസ്ഥാനത്തിനു സമീപത്താണ് വന്‍ സ്ഫോടനം ഉണ്ടായത്.
ഒരു മണിക്കൂറിലേറെ വെടിവയ്പുണ്ടായതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ തോക്കുമായി തെരുവിൽ വെടിയുതിർക്കുന്ന സ്ത്രീയെയും പുരുഷനെയും കാണാം.