ഹരിപ്പാട്: പുരസ്കാരദാന ചടങ്ങിനെത്തിയ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം കണ്ടില്ല. മന്ത്രി ഓട്ടോയിലായിരുന്നു പിന്നീട് യാത്ര ചെയ്തത്.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനോടനുബന്ധിച്ചുള്ള നാഗരാജ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
വൈകിട്ട് 6.30ന് പുരസ്കാരദാനച്ചടങ്ങിനുശേഷം ക്ഷേത്രത്തിലെ ഇന്നലത്തെ പ്രധാന ചടങ്ങായ മഹാദീപകാഴ്ചയിൽ പങ്കെടുക്കാനും ക്ഷേത്രത്തിൽ ദർശനത്തിനായും പടിഞ്ഞാറ് ഭാഗത്തേക്ക് പോയി.
ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ ഔദ്യോഗിക വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ യാത്രക്കാരെ ഇറക്കാനായി എത്തിയ ഓട്ടോയിൽ കയറി അദ്ദേഹം പോവുകയായിരുന്നു.
തൊട്ടുപിന്നാലെ ഔദ്യോഗി വാഹനവും പോലീസ് പൈലറ്റും എത്തി. പക്ഷേ അദ്ദേഹം സമീപത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രം വരെ ഓട്ടോയിൽ തന്നെയാണ് സഞ്ചരിച്ചത്.