എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ചെറുതന പഞ്ചായത്തിലെ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവച്ചാണ് അപകടം.
പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു കര്ഷകന്.ബുധനാഴ്ച രാത്രിയിലെ ശക്തമായ കാറ്റില്‍ വൈദ്യുത ലൈന്‍ പാടശേഖര പുറംബണ്ടില്‍ പൊട്ടി വീണിരുന്നു. ലൈന്‍ പൊട്ടി വീണതോടെ പ്രദേശവാസികള്‍ എടത്വ കെഎസ്ഇബി ഓഫീസില്‍ അറിയിച്ചെങ്കിലും ഫ്യൂസ് ഊരിമാറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
ജീവനക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് നാട്ടുകാര്‍ ഫ്യൂസ് ഊരിമാറ്റിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. സമീപവാസികളുടെ അലര്‍ച്ചയെ ത്തുടര്‍ന്ന് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവര്‍ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത കമ്പിയില്‍ കൂട്ടിപ്പിടിച്ച് മാറ്റിയശേഷമാണ് കര്‍ഷകന്റെ അടുത്തെത്തിയത്.
ഓടിക്കൂടിയ നാട്ടുകാര്‍ ബെന്നി ജോസഫിനെ പച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നാളെ10ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ സോഫി പള്ളുരുത്തി കോച്ചേരില്‍ കുടുംബാംഗമാണ്. സഹോദങ്ങള്‍: വത്സമ്മ, മോളി, ലൈസാമ്മ, ജെസി, ബിജു, ലൈജു.