പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. കോളജില്‍ നിന്നു തുടങ്ങിയ സംഘര്‍ഷം പത്തനംതിട്ട ടൗണിലേക്കും നീണ്ടു. തടയാനെത്തിയ എസ്ഐക്ക് പരുക്ക്.
പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചവർ അവിടെയും സംഘർഷമുണ്ടാക്കി. പോലീസിനെ അസഭ്യം പറയുകയും ചെയ്തു.
കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
കോളജിലെ തന്നെ വിദ്യാർഥികളായ ഒരു സംഘം ഇവിടെയെത്തി ഇവരെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് കൂട്ട അടി നടന്നു.
കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസുമായി പിടിവലിയും ഉന്തും തള്ളും നടന്നു. എസ്ഐ ജിനുവിന്റെ കൈമുട്ടിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു