ഭുവനേശ്വർ: ഒഡീഷയിൽ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി “ദാന’ കരതൊട്ടു. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി. മിന്നൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭദ്രക്, കേന്ദ്രപ്പാറ, ബാലസോർ ഉൾപ്പടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഉച്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചിട്ടുള്ളത്. ആറു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ചുഴലിക്കാറ്റിനെ പശ്ചാത്തലത്തിൽ 1600 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സ്ഥിതിഗതികള്‍ വിലയിരുത്തി.
പശ്ചിമ ബംഗാൾ തീരങ്ങളിലും ശക്തമായ കാറ്റാണുള്ളത്. കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്നു രാവിലെ ഒന്പതുവരെ നിർത്തിവച്ചിരുന്നു. നിരവധി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ജാർഖണ്ഡിലും ജാഗ്രതാ നിർദേശമുണ്ട്.