കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു മാധ്യമങ്ങളോടു പറഞ്ഞു.
അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു.
മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു.
മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്.
ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. .