ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്). പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി പിഎഎഫ്എഫിന് ബന്ധമുണ്ട്.
ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ രണ്ടു ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്.
ഗന്ദേർബാലിൽ തൊഴിലാളി ക്യാന്പിനുനേരേ ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണു മറ്റൊരു ഭീകരാക്രമണം കൂടി നടന്നത്. ജമ്മു കാഷ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.