വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനു വാശിയേറുന്നു.
വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ഇരുവരും തുടരുകയാണ്. ഡോണൾഡ് ട്രംപിനെ ഫാസിസ്റ്റെന്നു കമല വിശേഷിപ്പിച്ചതാണു പുതിയ സംഭവം.
സിഎൻഎൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് ട്രംപ് ഫാസിസ്റ്റാണെന്നു കമല പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും അവർ പറഞ്ഞു.
ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രതിരോധ സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി.
അതേസമയം അഭിപ്രായ സർവേകളുടെ ഫലം മാറിമറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവേ ഫലത്തിൽ ട്രംപ് മുന്നേറുകയാണെന്നാണു സൂചന. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സർവേ ഫലം വിവരിക്കുന്നത്. ട്രംപിന് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ കമലയ്ക്ക് 45 ശതമാനമാണ് ലഭിച്ചത്.