ഫുഡ് വ്ലോഗർമാർ അരങ്ങു വാഴുന്ന കാലമാണിന്ന്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഭക്ഷണത്തെ കുറിച്ച് അവലോകനം നടത്തുന്നത്. വ്ലോഗ് കണ്ട് ഭക്ഷണം കഴിക്കാൻ പോകുന്ന അവസ്ഥ വരെയാണ് ഇന്നത്തെ കാലത്തുള്ളത്. ഇപ്പോഴിതാ ഒരു ഫുഡ് വ്ലോഗർക്ക് റെസ്റ്റോറന്റ് ഉടമ ഭക്ഷണം നൽകാൻ കൂട്ടാക്കാത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മിക്ക ഫുഡ് വ്ലോഗർമാരും ചിലപ്പോൾ പറയുന്ന കാര്യങ്ങൾ സത്യമാകണമെന്നില്ല. രുചിയേറിയത് എന്ന് അവർ പറയുന്നത് കേട്ട് നമ്മൾ അവിടെപോയി ഭക്ഷണം കഴിച്ചാൽ ചിലപ്പോൾ നമുക്ക് രുചി ഇഷ്ടപ്പെട്ടില്ലന്നും വരാം. ചില സന്ദർഭങ്ങളിൽ നേരെ തിരിച്ചും സംഭവിക്കാം.
എന്തായാലും തന്റെ ഹോട്ടലിലെ ഭക്ഷണത്തെ സംബന്ധിച്ച് വ്ലോഗർ മോശമായി എന്തെങ്കിലും പറഞ്ഞാലോ എന്ന ആശങ്കയാലാകണം ഹോട്ടലുടമ അയാൾക്ക് അവിടെ നിന്നും ഭക്ഷണം നൽകാതിരുന്നത്. സ്പ്രിംഗ് റോളാണ് വ്ലോഗർ ഓർഡർ ചെയ്തത്. അതിന്റെ പണവും കടക്കാരന് അയാൾ നൽകി. എന്നാൽ താൻ വ്ലോഗറാണെന്ന് മനസിലായതോടെ സ്പ്രിംഗ് റോൾ തരാൻ സാധിക്കില്ലന്നും വീഡിയോ എടുക്കരുതെന്നും കടക്കാരൻ വിലക്കി. കടക്കാരൻ പണം തിരികെ നൽകുകയും ചെയ്തു.
എന്തായാലും സംഭവത്തിന്റെ വീഡിയോ പെട്ടന്ന്തന്നെ വൈറലായി. മിക്ക ആളുകളും കടക്കാരനെ അനുകൂലിച്ചാണ് കമന്റ് ചെയ്തത്. അങ്ങനെതന്നെ ചെയ്യണം. കടക്കാരന്റെ പ്രവർത്തി കയ്യടി അർഹിക്കുന്നതാണ്. ഇത്തരം ആളുകളോട് ഒരു കൈ അകലം പാലിക്കുന്നത് നല്ലതാണ് അങ്ങനെ പോകുന്നു കമന്റുകൾ.