ചെന്നൈ: ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗെയ്സി ചരിത്ര നേട്ടത്തിൽ. എലൊ റേറ്റിംഗിൽ 2800 പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ അർജുൻ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം 2800 എലൊ റേറ്റിംഗ് പോയിന്റ് കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അർജുൻ എറിഗെയ്സി.
യൂറോപ്യൻ ചെസ് ക്ലബ് കപ്പ് 2024ൽ അൽക്കലോയ്ഡിനു വേണ്ടി കളിക്കുന്ന അർജുൻ അഞ്ചാം റൗണ്ടിൽ റഷ്യയുടെ ദിമിത്രി ആൻഡ്രെയ്കിനെ വെള്ള കരുക്കൾകൊണ്ടു തോൽപ്പിച്ചതോടെയാണ് 2800 പോയിന്റ് കടന്നത്.
മാത്രമല്ല, ഈ ജയത്തിലൂടെ ലൈവ് റേറ്റിംഗ് പട്ടികയിൽ ലോക മൂന്നാം സ്ഥാനത്തേക്കും അർജുൻ ഉയർന്നു. 2800 റേറ്റിംഗ് മാർക്ക് പിന്നിടുന്ന 16-ാമതു താരമാണ് അർജുൻ. റഷ്യയുടെ അലിറേസ ഫിറോസ്ജയാണ് (18 വയസും അഞ്ചു മാസവും) 2800 റേറ്റിംഗ് പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
എക്കാലത്തെയും ഏറ്റവും ഉയർന്ന റേറ്റിംഗ് പട്ടികയിൽ നോർവെ ഇതിഹാസം മാഗ്നസ് കാൾസനാണ് (2882). ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് (2817) എട്ടാം സ്ഥാനത്തുണ്ട്. 2802.1 പോയിന്റുള്ള അർജുൻ എറിഗെയ്സി പട്ടികയിൽ 15-ാം സ്ഥാനത്താണ്.