കൊച്ചി: വിവരാവകാശ നിയമപ്രകാരം പൗരന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും വ്യക്തതയോടെയും നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി സൂക്ഷിക്കുക. മറച്ചുവയ്ക്കുന്ന വിവരങ്ങള്ക്കിടയിലെ മറനീക്കി പിഴശിക്ഷ നിങ്ങളെ തേടിയെത്തും.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് 5,000 രൂപ പിഴശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി കോര്‍പറേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ജി. സുരേഷിനെതിരേയാണു കമ്മീഷന്റെ സുപ്രധാന ഉത്തരവ്.
കോര്‍പറേഷനിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല 2023 മാര്‍ച്ച് 27ന് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നായിരുന്നു പരാതി. കോര്‍പറേഷന്റെ മാലിന്യം ശേഖരിച്ചു ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് അപേക്ഷകന് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നല്‍കാനാകില്ലെന്നുമായിരുന്നു കോര്‍പറേഷന്റെ മറുപടി. മാലിന്യസംസ്കരണത്തിന് നൂറിലധികം വാഹനങ്ങളുണ്ടെന്നും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി നൂറിലധികം ഫയലുകളും രജിസ്റ്ററുകളുമുണ്ടെന്നും അവ വിവിധ സെക്ഷനുകളിലാണെന്നും അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിലപാടെടുത്തു.
പരാതിക്കാരന് വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് തൃശൂരില്‍ നടന്ന ഹിയറിംഗില്‍ കെ.ജി. സുരേഷിനെ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അപേക്ഷകന് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാതിരുന്നത് വിവരാവകാശ നിയമപ്രകാരം വീഴ്ചയാണെന്നും കമ്മീഷന് കണ്ടെത്തി.
വിവരാവകാശ നിയമത്തിലെ 20-1 വകുപ്പ് പ്രകാരമാണു കെ.ജി. സുരേഷ് 5,000 രൂപ പിഴസംഖ്യ അടയ്ക്കേണ്ടത്. 30 ദിവസത്തിനുള്ളില്‍ ട്രഷറി വഴി പിഴയടച്ചു ചെലാന്‍ ഉള്‍പ്പെടെ കമ്മീഷന് സെക്രട്ടറിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഈടാക്കും. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥന്റെ വസ്തുക്കള്‍ ജപ്തി ചെയ്തു പിഴസംഖ്യ ഈടാക്കാനും വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവരം നല്‍കേണ്ടത് കടമ; ലഭിക്കേണ്ടത് അവകാശം
അപേക്ഷകന് ആവശ്യപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ സമയബന്ധിതമായി, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പൗരനു നല്‍കേണ്ടത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കടമയാണെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ്. സമയബന്ധിതമായി ശരിയായ വിവരം ലഭിക്കുകയെന്നത് പൗരന്റെ അവകാശമാണെന്നും അദ്ദേ ഹം വ്യക്തമാക്കി.
സിജോ പൈനാടത്ത്