കൊച്ചി: അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരള സ്കൂള്‍ കായികമേളയ്ക്കു സജ്ജമായി വേദികള്‍. എട്ടു ദിവസം ബാക്കിനില്‍ക്കെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ ദിവസങ്ങൾക്കുള്ളില്‍ ഗ്രൗണ്ട് മത്സരയോഗ്യമാകും. 17 വേദികളിലായാണു മത്സരങ്ങള്‍. മറ്റ് 16 വേദികളും കായിക മാമാങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു.
നവംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായിക പ്രതിഭകള്‍ 39 ഇനങ്ങളിലായി മാറ്റുരയ്ക്കും. നാലിനു വൈകുന്നേരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കേരള സിലബസ് പ്രകാരം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്കൂളുകളില്‍നിന്നുള്ള താരങ്ങളും മേളയില്‍ പങ്കെടുക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി മൂന്നു ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി പത്തു വരെ മത്സരം നീളും. മഹാരാജാസ് മൈതാനത്താണ് അത്ലറ്റിക് ഇനങ്ങള്‍.
ഏഴ് അടുക്കളകൾ
കായിക മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ വിവിധയിടങ്ങളിലായി ഏഴ് അടുക്കളകളാണ് ക്രമീകരിക്കുക. എറണാകുളം എസ്ആര്‍വി സ്കൂളിലാകും പ്രധാന അടുക്കള. ഇവിടെനിന്നാകും നഗരത്തിലെ വേദികളിലേക്കുള്ള ഭക്ഷണമെത്തിക്കുക.
ഫോര്‍ട്ട്കൊച്ചി കേന്ദ്രീകരിച്ചും കോലഞ്ചേരി, പുത്തന്‍കുരിശ്, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുമാകും മറ്റ് അടുക്കളകള്‍ പ്രവര്‍ത്തിക്കുക.
യാത്രയ്ക്ക് 850 സ്കൂള്‍ ബസുകള്‍
വിവിധ വേദികളിലേക്ക് മത്സരാർഥികള്ക്കടക്കം യാത്രാസൗകര്യമൊരുക്കുന്നതിനായി സംഘാടകസമിതി ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 850 ഓളം സ്കൂള്‍ ബസുകള്‍ ഏറ്റെടുത്തു. ഇതിനു പുറമെ കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയില്‍ യാത്ര ചെയ്തെത്തുന്നതിന് സ്പെഷല്‍ പെര്‍മിഷനും നേടിയിട്ടുണ്ട്. കൊച്ചി നഗരത്തിലടക്കം പാര്‍ക്കിംഗ് പോലീസിന്റെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
വോളണ്ടിയർമാർ റെഡി
മേളയുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതിക്കൊപ്പം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വോളണ്ടിയർമാരും അണിനിരക്കും. എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എസ്പിസി കേഡറ്റുകളാകും വിവിധ ക്രമീകരണങ്ങള്‍ക്ക് രംഗത്തിറങ്ങുക. ഇവരുടെ ഓരോ ദിവസത്തെ ജോലികളടക്കം തയാറാക്കിവരികയാണ്.
മത്സര ഇനങ്ങളും വേദികളും
ടെന്നീസ്, ബാഡ്മിന്റണ്‍, ജൂഡോ, ബാഡ്മിന്റണ്‍ ഇന്‍ക്ലൂസീവ്, ടേബിള്‍ ടെന്നീസ്, കരാട്ടെ, തായ്ക്വണ്ടോ, കബഡി (റീജണല്‍ സ്പോര്‍ട്സ് സെന്റര്‍, കടവന്ത്ര).
ഫുട്ബോള്‍ (ജിഎച്ച്എച്ച്എസ്എസ്, പനമ്പിള്ളി നഗര്‍).
ത്രോ ബോള്‍, ബേസ് ബോള്‍ (വെളി ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി).
സോഫ്റ്റ്ബോള്‍, വടംവലി (പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി).
വോളിബോള്‍ (സെന്റ് പീറ്റേഴ്സ് കോളജ്, സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ്, കോലഞ്ചേരി).
ഹാന്‍ഡ് ബോള്‍ (എംജിഎം എച്ച്എസ്എസ്, പുത്തന്‍കുരിശ്).
ഖോ ഖോ, ടെന്നീകോയിറ്റ് (രാജീവ് ഗാന്ധി സ്റ്റേഡിയം, തോപ്പുംപടി).
ബോക്സിംഗ് (ജിഎച്ച്എസ്എസ്, കടയിരുപ്പ്).
പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് (കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കളമശേരി).
ഫെന്‍സിംഗ് (ടൗണ്‍ ഹാള്‍, എറണാകുളം).
ക്രിക്കറ്റ്-ബോയ്സ് (സെന്റ് പോള്‍സ് കോളജ്, കളമശേരി).
ക്രിക്കറ്റ്-ഗേൾസ് (പാലസ് ഓവല്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ).
അക്വാട്ടിക്സ് (എംഎ കോളജ്, കോതമംഗലം).
വുഷു, ബോള്‍ ബാഡ്മിന്റണ്‍ (സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ്, കോലഞ്ചേരി).
ബാസ്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ ഇന്‍ക്ലൂസീവ് (സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ്, തേവര).
അത്ലറ്റിക്സ്, അത്ലറ്റിക്സ് ഇന്‍ക്ലൂസീവ്, ഫുട്ബോള്‍ ഇന്‍ക്ലൂസീവ് (മഹാരാജാസ് കോളജ് സ്റ്റേഡിയം, എറണാകുളം).
നെറ്റ് ബോള്‍ (ജിവിഎച്ച്എസ്എസ്, തൃപ്പൂണിത്തുറ).
സൈക്ലിംഗ് (കണ്ടെയ്നര്‍ റോഡ്).