പാലക്കാട്: പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചുള്ള പട്ടിപ്പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെ ഷുക്കൂറിന്റെ വീടിനുമുന്നിൽ കാത്തുനിന്നവർ ലജ്ജിച്ചു തലതാഴ്ത്തണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു.
മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ചതു ബോധപൂർവമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റു രാഷ്ട്രീയ പാർട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമർശം നടത്തിയത്. അബ്ദുൾ ഷുക്കൂറിന്റെ പിണക്കം പാർട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നംമാത്രമാണ്. എന്നാൽ അതിനു മാധ്യമങ്ങൾ അനാവശ്യപ്രാധാന്യം നൽകിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ചു സംസാരിക്കേണ്ടിവന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
എന്നാൽ, ഈ വിഷയം തന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ഇടതു സ്വതന്ത്രസ്ഥാനാർഥി ഡോ.പി. സരിൻ പ്രതികരിച്ചത്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ താൻ മാപ്പുചോദിക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ മാധ്യമപ്രവർത്തകർ. അതുകൊണ്ട് ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളാണെന്ന് ആരുപറഞ്ഞാലും ശരിയല്ലെന്നും സരിൻ പറഞ്ഞു.