ഇരിട്ടി: സ്വത്ത് കൈക്കാലാക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ് കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ രണ്ടാം ഭാര്യയടക്കം മൂന്നു പ്രതികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാം ഭാര്യ ബാംഗളൂരിലെ ഐടി ജീവനക്കാരിയായ തെലുങ്കാന സ്വദേശിനി നിഹാരിക , ഹരിയാന സ്വദേശി അങ്കൂർ റാണ, തെലുങ്കാന സ്വദേശിയും ബാംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണു പകുതി കത്തിയ മൃതദേഹം തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്.
തുടർന്ന് ഉന്നത പോലീസ് അധികാരികൾ സ്ഥലം സന്ദർശിക്കുകയും 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ചെയ്തു. നാലു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘം 500 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു.
ഫോൺ കോളടക്കം മറ്റ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച സംഘം സമീപ സംസ്ഥാനങ്ങളിലെ ആളുകൾ കാണാതായ കേസുകൾ പരിശോധിച്ചിരുന്നു. കേരളത്തിൽ തൃശൂർ ജില്ലയിലും സംഘം അന്വേഷണം നടത്തിയിരുന്നു. ഹൈദരാബാദിലെ മിസിംഗ് കേസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നത്.
മരിച്ച രമേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാർ സംഭവദിവസം പ്രദേശത്ത് എത്തുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയതോടെയാണു പ്രതികളെ തിരിച്ചറിയാൻ എളുപ്പത്തിൽ കഴിഞ്ഞത്. രണ്ടാം ഭാര്യയും കൂട്ടാളികളും ചേർന്ന് രമേഷ്കുമാറിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഹൈദരാബാദിൽ വച്ച് അങ്കൂർ റാണയും നിഹാരികയും ചേർന്ന് കൊല നടത്തിയ ശേഷം നിഖിലിന്റെ സഹായത്തോടെയാണ് കുടകിലെ കാപ്പിത്തോട്ടത്തിൽ എത്തിച്ച് മൃതദേഹം കത്തിച്ചത്.
കൃത്യം കഴിഞ്ഞ ശേഷം മുങ്ങിയ പ്രധാന പ്രതി അങ്കൂർ റാണയെ ഹരിദ്വാറിൽ വച്ചാണ് കർണാടക പോലീസ് പിടികൂടിയത്.