പാലക്കാട് : ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. കോൺഗ്രസിലെ മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് എത്തും.
കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമായാണ് പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്. സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്.
പാലക്കാട് ഇടതുമുന്നണി ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസാണ്- മുഹമ്മദ് റിയാസ് പറഞ്ഞു.